
ബെംഗളൂരു: വ്യാജ സുപ്രീം കോടതി ഉത്തരവിലൂടെ ജീവപര്യന്തം തടവുകാരനെ ജയിലിൽനിന്ന് പുറത്തിറക്കിയ ജയിൽ ഡിഐജി അറസ്റ്റിൽ. ഗുരുതര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയെ നിയമവിരുദ്ധമായി മോചിപ്പിച്ച സംഭവത്തിലാണ് ജയിൽ ഡിഐജി സോമശേഖർ പിടിയിലായത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ജയിൽ ഉദ്യോഗസ്ഥനിൽനിന്നുള്ള അന്വേഷണമാണ് ഡിഐജിയിലേക്കും എത്തിയത്.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2004 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ശങ്കറിനെയാണ് 2018ൽ മോചിപ്പിച്ചത്. സുപ്രീം കോടതി മോചനത്തിന് അനുമതി നൽകിയെന്ന രീതിയിൽ വ്യാജ ഉത്തരവ് തയാറാക്കിയാണ് തടവുകാരനെ പുറത്തിറക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ജയിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് എസ്. ശ്രീകാന്താണ് വ്യാജ സുപ്രീം കോടതി ഉത്തരവ് തയാറാക്കിയത്. ഡിഐജി സോമശേഖറിന്റെ അറിവോടെയായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വ്യാജ ഉത്തരവ് തയാറാക്കിയ ശ്രീകാന്തിനെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിനിടെ പ്രതി ശങ്കറിന്റെ ഭാര്യയെ സോമശേഖർ ലൈംഗികമായി പീഡിപ്പിച്ചതായും പിന്നീട് ഇയാൾ അനധികൃത മോചനത്തിന് കൂട്ടുനിന്നതായും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മറ്റ് ജയിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.











